STORY BY SUMA AVALKKOPPAM........
അവൾക്കൊപ്പം ...
കോടതി വരാന്തയിൽ, ഉച്ച വെയിലിന്റെ തീവ്രതയിൽ വാഹനങ്ങൾ കാണാൻ പോലും പറ്റാതെ അവൾ വേവലാതിയോടെ, നാട്ടിലെത്താനുള്ള വഴി തേടി തലങ്ങും വിലങ്ങും നടന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ മൂന്നിനേയും ഒരു റൂമിൽ പൂട്ടിയിട്ടാണ് വന്നത്. എത്രയും പെട്ടെന്ന് വീടെത്തണം......
കോടതി പറയുന്ന തീയ്യതിക്ക് ഹാജരാവുക എന്നത് അവളുടെ കൂടി ആവശ്യമാണല്ലോ?. അത്യധികം ഉത്കണ്ഠയോടെ, ഇന്നെങ്കിലും കേസ് തീർപ്പുണ്ടാവണേ എന്ന പ്രാര്ഥനയോടെയാണ് ഓടി വന്നത്. നിശ്ചിത സമയത്ത് പറന്നെത്തി കൂട്ടിൽ ഹാജരായെങ്കിലും, കാരണം ഒന്നും പറയാതെ, ഒരു ദാക്ഷിണ്യവും ഇല്ലാതെ കേസ് അടുത്ത വർഷത്തേക്ക് മാറ്റി എന്ന് കേട്ടപ്പോ നെഞ്ചകം പൊട്ടിപ്പോയി. അവൾ ഏഴു വര്ഷങ്ങളായി ഭർത്താവു കെട്ടിയ താലി അറുത്തു കിട്ടാനുള്ള യുദ്ധം നടത്തുന്നു.
നീതിക്കു വേണ്ടിയുള്ള ഈ പരക്കം പാച്ചിൽ കാണാൻ ആരുമില്ലേ? നീതിപീഠം സ്ത്രീക്കൊപ്പം മാത്രം എന്ന് കേൾക്കുന്നു. അതുകൊണ്ടു തന്നെ അനേകം നിരപരാധികളായ പുരുഷന്മാർ പീഡിപ്പിക്കപ്പെടുന്നു എന്നുതും യാഥാർഥ്യമാണ്. പക്ഷെ ഇവിടെ അവൾക്കു നീതി നിഷേധിക്കപ്പെട്ടിട്ട് പന്ത്രണ്ടു വര്ഷങ്ങളായി !!. താലി കഴുത്തിൽ കുരുങ്ങിയ അന്നുമുതൽ പേറുന്ന വേദനകൾ വിവരിക്കുക അസാധ്യം. കാട്ടാളനായ ഭർത്താവിൽ നിന്നുള്ള മോചനമാണ് ഇന്നവളുടെ ആവശ്യം. വെറും നാലു വർഷത്തിനുള്ളിൽ അഞ്ചു ഗർഭധാരണവും കഴിഞ്ഞു മൂന്നു മക്കളുടെ അമ്മയായ അവളെ നമുക്കെന്തു പറഞ്ഞാണ് ആശ്വസിപ്പിക്കാനാവുക ? ഇപ്പൊ കേസിന്റെ പേരിലും.... ഇടനിലക്കാരടക്കം..അവളുടെ ചോര ഊട്ടി കുടിച്ചു വീർക്കുന്നു. കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ പെടാപ്പാട് പെടുന്ന ആ അമ്മയുടെകണ്ണുകളിൽ കത്തിക്കരിഞ്ഞ ചാരം മാത്രം. എന്നിട്ടും അവൾ കുതിക്കുകയാണ് മുന്നോട്ട്. പൊന്നോമനകൾക്കു വേണ്ടി.
ഇതുപോലെ ഏറിയും കുറഞ്ഞും പീഠനം അനുഭവിക്കുന്ന പെൺകുട്ടികൾ അനേകം നാട്ടിലുണ്ട്. ഭരണകൂടം എന്നും അവൾക്കൊപ്പം ഉണ്ടെന്നു അവകാശപ്പെടുന്നു,
പിന്നെ എവിടെ ആണ് പിഴക്കുന്നത്. നീതി... നോട്ടുകെട്ടുകൾക്കിടയിൽ അമരുന്നോ? അതോ മദ്യലഹരിയിൽ അലിഞ്ഞില്ലാതാകുന്നോ?
പിന്നെ എവിടെ ആണ് പിഴക്കുന്നത്. നീതി... നോട്ടുകെട്ടുകൾക്കിടയിൽ അമരുന്നോ? അതോ മദ്യലഹരിയിൽ അലിഞ്ഞില്ലാതാകുന്നോ?
എല്ലുമുറിയെ പണിചെയ്തുണ്ടാക്കിയത് മുഴുവനും പാരിതോഷികമായി നൽകി ആണ് അവളുടെ മാതാപിതാക്കൾ അത്യധികം പ്രതീക്ഷയോടെ തന്റെ മകളെ ആ യുവാവിന് വിവാഹം കഴിച്ചു വിട്ടത്. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ ദാമ്പത്യം വിശ്രമം എന്തെന്നറിയാതെ, ''ഇരുപത്തിനാലു മണിക്കൂർ സൂപ്പർമാർക്കറ്റ്'' (24 hours supermarket) പോലെ എന്നും പ്രവർത്തിച്ചു കൊണ്ടേ ഇരുന്നു. കുട്ടിത്തം മറാത്താ കുഞ്ഞായിട്ടും, അവൾ ജീവിതാനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളിൽ നിന്നാകാം കുടുംബിനിയുടെ വേഷപ്പകർച്ചയിൽ മിടുക്കിയായി. എന്നിട്ടും യാതനകൾ മാത്രം നേരിട്ട അവളുടെ മനസ്സിലെ നിശ്ചയം അച്ഛനമ്മമാരുടെ സന്തോഷം കെടുത്തരുത് എന്ന് മാത്രമായിരുന്നു.
യാതൊരു പരിചയവുമില്ലാത്ത നാടും വീടും വീട്ടുകാരും ഭർത്താവും. എന്നിട്ടും തന്റെ കണവന്റെ ഒപ്പം നിന്ന്, ഒരോളം പോലെ ജീവിതം മുന്നോട്ടു നീക്കി. സമയത്തും അസമയത്തുമായി, മാനസികമല്ലാത്ത അദ്ദേഹത്തിന്റെ ലീലകൾ അവളെ വളരെ അധികം തളർത്തിയിരുന്നു. വൈവാഹിക ജീവിതത്തിന്റെ ബാലപാഠം പോലും അറിയാത്ത അവൾ പലപ്പോഴും പകച്ചു നിന്നു. പെട്ടെന്ന് തന്നെ വധുവെന്ന പരിവേഷം മാറി ഭാര്യയിലേക്കും അമ്മയിലേക്കും ജോലിക്കാരിയിലേക്കും വൈകാതെ അധികപറ്റിലേക്കും ജീവിതം രൂപാന്തരം പ്രാപിച്ചു.
ആദ്യ പെൺകുഞ്ഞു ജനിച്ച്, ഒരു വര്ഷം തികയുന്ന മുന്നേ രണ്ടാമത്തെ പെൺകുഞ്ഞും ജനിച്ചു. മൂന്നാം വർഷം മൂന്നാമത്തെ ജീവൻ കുരുത്തപ്പോൾ, പെണ്ണാണെങ്കിൽ വേണ്ടെന്ന തീരുമാനം, വളർച്ച എത്തും മുന്നേ അവളറിയാതെ മരുന്ന് കുടുപ്പിച്ചു നടപ്പാക്കി ആ കാലൻ. ശാരീരികമായും മാനസികമായും തളർന്ന്, എല്ലാ വേദനയും കടിച്ചമർത്തി ആരോടും പരാതിപ്പെടാതെ പ്രിയപെട്ടവരെ ഒന്നും അറിയിക്കാതെ എല്ലാം നെഞ്ചിലൊതുക്കി ഇഴഞ്ഞു നീങ്ങി അവൾ. ഭർത്താവിന്റെ ഭ്രാന്തമായ കാമം, കൊന്ന.... ആ.. കുഞ്ഞിന്റെ പാപക്കറ ഉണങ്ങും മുന്നേ, മാസങ്ങളുടെ ദൈർഘ്യത്തിൽ വീണ്ടും ഗർഭിണിയാക്കി. അതിന്റെ ജീവൻ എടുത്തേക്കുമോന്നു ഭയന്ന് ഒളിച്ചു വെച്ചു ആ സത്യമവൾ. പക്ഷെ... പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ കശപിശയിലെ പതിവ് വഴക്കിനിടെ ദേഷ്യം അവളുടെ വയറ്റിൽ ചവിട്ടി തീർത്തപ്പോ അതിഭയങ്കരമായ രക്തസ്രാവമായി ആ കുഞ്ഞും ഇല്ലാതാവുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ ഒളിച്ചു വെച്ചെന്ന കുറ്റത്തിന് ക്രൂര മർദ്ദനവും വാങ്ങി. ശവത്തിനു തുല്യമായി അവളുടെ ശരീരം. തുടർന്ന് എല്ലാം....., അച്ഛനമ്മമാർ അറിയാനിടയായത് വലിയ വേദന ഉണ്ടാക്കി അവളിൽ. വീട്ടിൽ തിരിച്ചെത്തി ഒന്ന് നടക്കാമെന്നായപ്പോൾ ലീലാവിലാസം വീണ്ടും നടമാടി. അടുത്ത കുഞ്ഞും അങ്കുരിച്ചു.
വിശ്രമം ഇല്ലാത്ത ജോലിയും നാലു വര്ഷം തികയും മുമ്പുള്ള അഞ്ചാമത്തെ കുഞ്ഞ് അവളുടെ വേദന ആയി. എന്ത് വിലകൊടുത്തും അതിനെ അതി ജീവിപ്പിക്കാൻ പണിപ്പെട്ടു. തന്റെ അച്ഛനമ്മമാരുടെ ഇടപെടൽ അയാളെ കുഞ്ഞിനെ കൊല്ലുന്നതിൽ നിന്നും അകറ്റി. അധികനാളായില്ല, അച്ഛനും അമ്മയും സങ്കടം
സഹിക്കാതെ മരണം വരിച്ചത് അവളെ സങ്കടപെടുത്തിയതിലുപരി ഒരു ശക്തി പകർന്നതായി തോന്നിപ്പിച്ചു. ആരോഗ്യം കുറഞ്ഞ മൂന്നാമത്തെ കുഞ്ഞ് ഒരാണായിരുന്നു . വിശപ്പ് വലിയൊരു കീറാമുട്ടിയായി. അയാൾക്ക് മടുത്തിട്ടാവാം തിരിഞ്ഞു നോക്കാതെയായി മക്കളെ. അവൾ തല്ക്കാലം ഗ്രാമത്തിൽ ജോലി ചെയ്തു കുഞ്ഞുങ്ങളുടെ വിശപ്പടക്കി . പട്ടിണിപ്പരുവട്ടത്തിനിടയിലും അടിയും തൊഴിയും മുറപോലെ നടന്നു. വിശ്രമമില്ലാത്ത, 'വ്യവസായ ഫാക്ടറി'ക്കു ഇന്ധനം ഒന്നും കിട്ടാതെ വന്നപ്പോ തീർത്തും മൃതപ്രായയായി അവൾ.
ഇനി മർദ്ദനത്തിനു വിധേയമാവില്ലെന്ന അവളുടെ തീരുമാനം, വിവാഹ മോചനത്തിനുള്ള നടപടിയിലേക്കു നയിച്ചു. അച്ഛനമ്മമാരുടെ ആത്മ ശാന്തിക്ക് അതുമാത്രേ വഴി ഉണ്ടായിരുന്നുള്ളൂ. അതൊരു ഉയിർത്തെഴുന്നേൽപ്പായിരുന്നു..... പീഡനങ്ങളിൽ നിന്നുള്ള....മോചനം.
എന്നാൽ, വക്കീലാണോ കോടതിയാണോ അതോ രണ്ടും കൂടി ആണോ ഇത്തരം പാവങ്ങളെ കറവപ്പശുവാക്കുന്നത് ? വലിയ ആളുകൾ തുണി അഴിച്ചു മാറ്റുന്ന പോലെ ഭർത്താവിനെയും ഭാര്യയെയും മാറ്റുന്നു. ഇവിടെ നീതീകരിക്കാൻ ഒരു ന്യായവും ഇല്ലാത്ത, വിവാഹ മോചനത്തിന് കോടതി കനിയുന്നില്ലെന്നു വന്നാൽ എന്ത് ചെയ്യും?
ഭർത്താവെന്ന അവകാശം ഇല്ലാതാവുന്നതോടെ ക്രൂരമർദ്ദനങ്ങളിൽ നിന്നും മോചനമാകുമെന്നവൾ ആശ്വസിക്കുന്നു. പിന്നെ മക്കളുടെ കാര്യം നോക്കിയാൽ മതിയല്ലോ?
നിയമവും കോടതിയും അതിനെങ്കിലും കനിഞ്ഞിരുന്നെങ്കിൽ.
ഇനിയെങ്കിലും.... നീതി അർഹിക്കുന്നില്ലേ അവൾ?
ഇനിയെങ്കിലും.... നീതി അർഹിക്കുന്നില്ലേ അവൾ?
കോടതി വരാന്തയിൽ നിന്നും ഒരു ഓട്ടോ കണ്ടപ്പോ ഓടി കേറിയ അവൾ ഗ്രാമത്തിലേക്കുള്ള ബസ് കണ്ടെത്താനുള്ള വേവലാതിയിലായിരുന്നു, പെട്ടെന്ന് കുഞ്ഞുങ്ങളുടെ അടുത്തെത്താൻ. .....
ജീവിതം തകർത്താടുന്ന നമ്മെ പോലുള്ളവരുടെ കണ്ണു തുറപ്പിക്കാനുള്ളതാണ് ഇവളുടെ ജീവിത യാത്ര. ഒപ്പം ചില പുരുഷ മേധാവിത്തങ്ങളുടെ പരിസമാപ്തി കുറിച്ചില്ലെങ്കിൽ ആ വർഗ്ഗത്തിന് തന്നെ അപമാനമാകും. എന്നാൽ എത്രയോ പുരുഷന്മാർ സ്ത്രീകളെ ഉന്നതിയിലെത്തിക്കാൻ ശ്രമിക്കുന്നു. കുറച്ചു പേരാണ് പേരുദോഷത്തിനായി ഇങ്ങനെ. അവരെ നിയന്ത്രിക്കണം. നിയമവും കോടതിയും കണ്ണ് തുറക്കണം.
ജീവിത കാലം മുഴുവൻ മറ്റുള്ളവർക്കു പ്രകാശം മാത്രം നല്കുന്ന ഇത്തരം സ്ത്രീകൾക്കൊപ്പം അല്ലേ കോടതി നിലകൊള്ളേണ്ടത്? നമുക്കണിചേരാം അവൾക്കൊപ്പം.
സുമ സതീഷ്
ബഹ്റൈൻ




അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ