AATHI THE GREAT MENTALIST - ആദി എന്ന അത്ഭുതം


ആദി എന്ന അത്ഭുതം


മെൻറ്റലിസ്റ്റ് ആദിയുടെ വിശേഷങ്ങൾ 



ഉത്തര മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന കാഞ്ഞങ്ങാട്  സാഹിത്യ-സാംസ്‌കാരിക നായകരായ മഹാകവി പി.കുഞ്ഞിരാമൻ നായർ, വിദ്വാൻ പി.കേളു.നായർ, രസിക ശിരോമണി കോമൻ  നായർ, സ്വാതന്ത്ര്യ സേനാനികളായ കെ.മാധവൻ, എ.സി.കണ്ണൻ നായർ തുടങ്ങിയ മഹാത്മാക്കളുടെ ജന്മം കൊണ്ട് ധന്യമായ നാടാണ്.  ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, ഹോസ്ദുർഗ്ഗ് കോട്ട, ബേക്കൽ  കോട്ട തുടങ്ങിയ വിദേശ സഞ്ചാരികളെ പോലും ആകർഷിക്കുന്ന ഇടങ്ങളും ധാരാളം ക്ഷേത്രങ്ങളും പള്ളികളും ഉള്ള തെയ്യങ്ങളുടെ നാടായ കാഞ്ഞങ്ങാട്, പ്രകൃതി സൗന്ദര്യത്തിന്റെ കലവറയാണ്. പ്രശസ്ത ഗായകരായ  കാഞ്ഞങ്ങാട് രാമചന്ദ്രൻ, വെള്ളിക്കോത്ത് വിഷ്ണുഭട്ട്  തുടങ്ങി നിരവധി കലാകാരന്മാരെ ഈ നാട് മലയാള മണ്ണിനു സംഭാവന നൽകിയിട്ടുണ്ട്.  ഇച്ഛാശക്തിയെ ഉണർത്തി കഠിന പ്രയത്നത്തിലൂടെ തന്റേതായ കർമ്മ മണ്ഡലത്തിൽ വിഹരിക്കുന്ന അപൂർവം  ചില അനുഗ്രഹീത വിസ്മയങ്ങളിൽ  ഒരാളായ ആദി കൂടി  കാഞ്ഞങ്ങാടിന്റെ അഭിമാന പുത്രനായിരിക്കയാനിന്ന്. ആദിയുടെ  ഷോ രണ്ടാമതും കാഞ്ഞങ്ങാട് വെച്ച് നടത്തപ്പെട്ടതോടെ നാട്ടുകാർക്ക് ആദിയിലുള്ള പ്രിയം പതിന്മടങ്ങായി വർദ്ധിച്ചിരിക്കുന്നു. നാടിനോടുള്ള ആത്മാർത്ഥതയും കടപ്പാടും തന്റെ വാക്കിലും  പ്രവൃത്തിയിലും നിറച്ചു വെച്ചിട്ടുണ്ട് ഈ മെൻറ്റലിസ്റ്റ്. 'INSOMIA  2 .0'  ഇന്നേവർക്കും അത്ഭുതമായി മാറിയിരിക്കയാണ്. മെൻറ്റലിസ്റ്റ്, ഇല്യൂഷനിസ്റ്റ്, തോട്ട് സ്റ്റീലര്‍, ഡിസെപ്ഷന്‍ അനലിസ്റ്റ്, നോണ്‍-വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ എക്സ്പെർട്ട്, സൈകോളജിസ്റ്റ്    അങ്ങനെ ആദിക്കു വിശേഷണങ്ങള്‍ കുറേയുണ്ട്.

മലയാളിക്ക്  മെൻറ്റലിസം അത്ര പരിചിതമാവാതിരുന്നത് ഒരു പരിധിവരെ അതിന്റെ ആഴവും, പരപ്പും, വൈവിധ്യവും നിഗൂഢതയും കൊണ്ടുകൂടിയാണ്. പക്ഷെ  'പ്രേതം'സിനിമയിലൂടെ  മെൻറ്റലിസം കുറേകൂടി ജനങ്ങൾ അടുത്തറിഞ്ഞു.
ജോൺ ഡോൺ  ബോസ്‌കോ എന്ന മെൻറ്റലിസ്റ്റ് ജനഹൃദയങ്ങളിൽ ചേക്കേറിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ആദി തന്നെ ആണ്.  വാണിജ്യ ലക്ഷ്യങ്ങൾക്ക് വേണ്ടി കഥാപാത്രത്തെ അമാനുഷികതയിലേക്കും മറ്റും നയിച്ചു എന്നതൊഴിച്ചാൽ മെൻറ്റലിസ്റ്റ് ജോൺ ഡോൺ  ബോസ്‌കോ, ആദി ആകുന്നു. ആ സിനിമ മെൻറ്റലിസമെന്നതിന്റെ ആഴം അറിയാൻ ശ്രമിക്കുന്നു.  ആദി പലപ്പോഴും സിനിമാരംഗത്തും തന്റെ സേവനം ലഭ്യമാക്കുന്നുണ്ട്

'
മെൻറ്റലിസം' മാജിക്കിന്റെ  സങ്കീർണമായ മുഖം എന്നോ, ഏറ്റവും ആധുനികമായ മാജിക്  എന്നോ പറയാം. (മെൻറ്റലിസം, മാജിക്കിന്റെ മോസ്റ്റ് സൊഫിസ്റ്റിക്കേറ്റെഡ്  ഫോം  ആകുന്നു. അതായത്   മോസ്റ്റ് മോഡേൺ മാജിക്‌ ആണത്). മാന്ത്രികനിൽ നിന്നും വ്യത്യസ്തമായി മെൻറ്റലിസ്റ്റിന്റെ സബ്ജക്റ്റ് മനുഷ്യ മനസ്സാണ് എന്നതാണ്  മെൻറ്റലിസത്തിന്റെ വെല്ലുവിളി. അതായത് നാമറിയാതെ നമ്മിലേക്ക് ഒരു ചിന്ത പകരുകയും ആ ചിന്തയിലൂടെ  നമ്മെ വിഹരിപ്പിക്കുകയും ചെയ്യുന്നു.  ഈ അപൂർവ്വ കലയിൽ, - സൈക്കോളജി, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം (എൻ.എൽ.പി),  ബോഡി ലാംഗ്വേജ്, മൈക്രോ എക്സ്പ്രെഷൻസ്, ഹിപ്നോസിസ്, കോൾഡ് റീഡിങ്, മാജിക് തന്ത്രങ്ങൾ തുടങ്ങിയ അനേകം ശാഖകളുടെ ഒക്കെ അംശങ്ങൾ ചേർക്കപ്പെട്ടിരിക്കുന്നു. ഇവയൊക്കെ  ക്രോഡീകരിച്ചു  തന്ത്രപരമായി മെനെഞ്ഞെടുത്ത അറിവുകൾ സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ പുതിയ ഭാവത്തിലെത്തിച്ച് പ്രേക്ഷകനു  മുന്നിൽ അവതരിപ്പിച്ച് അസാധ്യമെന്നതിനെ അനുഭവവേദ്യമാക്കുക എന്ന ഏറെ ശ്രമകരമായ ജോലി തൻമയത്ത്വത്തോടെ ചെയ്തു തീർക്കുന്നൊരു പ്രതിഭയാണ് മെൻറ്റലിസ്റ്റ്. അനേകം വ്യാപ്തികളുള്ള മെൻറ്റലിസത്തിനെ, അഞ്ചു ഇന്ദ്രിയങ്ങളും ഏറ്റവും സൂക്ഷമതയോടെ ഉപയോഗിച്ച് ആറാമത്തെ ഇന്ദ്രിയമെന്ന  മിഥ്യാബോധത്തിലൂടെ  മനോഹര കലയാക്കി മാറ്റുകയാണ് ആദി ചെയ്യുന്നത്.   അനുവാചക ലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ  ഇന്ദ്രജാലം ഇത്രയും  ജനപ്രിയമാക്കിയതിനുള്ള ആദിയുടെ പങ്ക്  വലുതാണ്. ഇന്ന് ധാരാളം യുവാക്കൾ മെൻറ്റലിസത്തിലേക്കു കടന്നു വരുന്നുമുണ്ട്.  നാമറിയാതെ നമ്മിലേക്ക് ഒരു ചിന്ത പകരുകയും ആ ചിന്തയിലൂടെ  നമ്മെ കൊണ്ടുപോകുകയും ചെയ്യുന്നു. ശേഷം സദസ്സിനു മുന്നിൽ മെൻറ്റലിസ്റ്റ്  അത് പ്രവചിക്കുമ്പോൾ, 'നമ്മുടെ മനസ്സ് വായനയുടെ' കൃത്യതയിൽ, അനുവാചകൻ അത്ഭുത പരതന്ത്രനാവുന്നു. 


ശാസ്ത്രവും കലയും ഒരുപോലെ ഇഴുകി ചേർന്ന ഒന്നാണ് മെൻറ്റലിസം.  ഒരു മെൻറ്റലിസ്റ്റ് അടിസ്ഥാനപരമായി മുഖഭാവം, ദൃഷ്ടിയുടെ ചലനം, ശരീര ഭാഷ ഇവയെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് അതൊക്കെയും ബുദ്ധിപരമായി കോർത്തിണക്കി ഒരു വ്യക്തിയുടെ ചിന്തകളെ വായിച്ചെടുക്കുന്നു. ചിന്തകളേയും പെരുമാറ്റങ്ങളേയും കൗശലപൂർവം കൈകാര്യം (manipulate) ചെയ്യാൻ കഴിയുന്ന ആളാണ് മെൻറ്റലിസ്റ്റ് (mentalist). സാധാരണമായ ആശയവിനിമയങ്ങളില്ലാതെ മറ്റൊരാളുടെ ചിന്തയെ മനസ്സിലാക്കാൻ (non-verbal communicate expert) കഴിയുന്ന ഒരു മെൻറ്റലിസ്റ്റ് തീവ്ര പരിശീലനത്തിലൂടെ ആണിത് നേടി എടുക്കുന്നത്. ചിന്തയുടെ വ്യതിയാനം അതിന്റെ ചെയ്തികൾ പൂർണമായും മനസ്സിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാം ഒരു കുടക്കീഴിൽ നിലനിർത്തി വായന നടത്താൻ ശ്രമിക്കുന്നു. അതായത് മാനസികഭാവം (mental action), ബോധം (consciouness), ഘടന (structure) അതിന്റെ പ്രതികരണങ്ങൾ അങ്ങിനെ എല്ലാം മെൻറ്റലിസ്റ്റിനു കൃത്യമായി അറിയാൻ സാധിക്കുന്നു. കല (art) ശാസ്ത്രം (science) മനഃശാസ്ത്രം (psychology) മാന്ത്രികം (magic) ബുദ്ധിപൂർവ്വം  മനസ്സിന്റെ യാത്രയെ വഴിതിരിച്ചു വിടൽ (misdirection), അപാരമായ പ്രദർശന വൈദഗ്ധ്യം (showmanship),  ചിന്തകളെ അപഹരിക്കൽ (thought stealer), കളവുകൾ കണ്ടുപിടിക്കൽ (deception analist), ബുദ്ധിപൂർവ്വം കാണികളെ കൈയ്യിലെടുക്കൽ, സദസ്സിലെ ആളുകളെ മനസ്സിലാക്കി അവസരത്തിനനുസരിച്ചുള്ള നീക്കങ്ങൾ ആവിഷ്ക്കരിക്കൽ ഇങ്ങനെ ഒട്ടനവധി അറിവുകളുടേയും മാനസിക വ്യാപാരങ്ങളുടെ നിയന്ത്രണ തന്ത്രങ്ങളുടേയും സംഗമം ആണ് ആദി. തന്മയത്വത്തോടെയും, സ്വതസിദ്ധമായ എളിമയോടെയും സദസ്സിനെ നേരിടുന്ന അപൂർവം ചില പ്രതിഭകളിൽ ഒരാൾ. 

മാനസികേന്ദ്രീയജാലം, സ്വയമുണർവ് നേടാനുള്ള പാടവം കൂടാതെ കൃത്രിമമായി ഉറക്കാനും  ദൃഷ്ടിഗോചരമല്ലാത്തവയെ മന:ക്കണ്ണിലൂടെ  കാണാനും, മനസ്സിന്റെ പരാക്രമം അറിയാനും അഭ്യൂഹങ്ങൾ സൃഷ്ടിച്ച് അമ്പരപ്പിക്കാനും, സുഗന്ധങ്ങളെ അനുഭവിപ്പിക്കാനും, ദ്രുതഗതിയിൽ ഗണിതങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനും എന്നു വേണ്ട അമ്പരപ്പിക്കുന്ന ഒട്ടെറെ വിദ്യകളിലൂടെ സദസ്സ്സിനെ ഉന്മാദത്തിലാക്കാൻ അദ്ദേഹത്തിന് കഴിയുന്നു. കുറച്ചു സെക്കൻഡുകൾ കണ്ണുകളിലേക്കു നോക്കിയിരുന്ന് നമ്മുടെ

രഹസ്യങ്ങൾ ചോർത്തിയെടുക്കുന്ന ആദി ഒരു പ്രതിഭ തന്നെയാണ്.  മായിക കാഴ്ചകളെ പല ഉപായങ്ങളിലൂടെയും സമയ പരിധിക്കിടയിൽ മാറ്റി മറിച്ച്  ആസ്വാദകനെ അതിശയിപ്പിക്കുന്ന അപാര കഴിവാണ്  ആദിക്കുള്ളത്. കൃത്യമായ ആവശ്യത്തിലേക്ക് ഒരാളെ അയാളറിയാതെ തന്നെ എത്തിക്കുന്ന ചിന്താസരണികളുടെ കെട്ടഴിച്ചാണു മെൻറ്റലിസം ശക്തമാവുന്നത്.  

അകാലത്തിൽ  പൊലിഞ്ഞ ജനപ്രിയ വയലിനിസ്റ്റ് ബാലഭാസ്കറും ഇല്ല്യൂഷനിസ്റ്റ്  രാജമൂർത്തിയും ചേർന്ന് ഒരുക്കിയിരുന്ന 'മൈൻഡ് ആൻഡ് മ്യൂസിക്' (M) ഷോ  ജനഹൃദയത്തെ ആവേശം കൊള്ളിച്ചിരുന്നു. മെൻറ്റലിസ്റ്റ് നിഗൂഢമായ (mysterious) കഥാപാത്രമായി, ബാലഭാസ്കറിന്റെ ഇമോഷണൽ ഫ്യൂഷനും ജാലവിദ്യക്കാരനായ രാജമൂർത്തിയുടെ  ഇൻറ്റലക്ചറുൽ തമാശകളും  മനോഹരമായി കോർത്തിണക്കി പ്രവചനാതീതമായ ക്ലൈമാക്സിലേക്ക് എത്തിക്കാറുള്ള എം (M) എന്ന ഷോ പല സ്റ്റേജുകളും ഇളക്കി മറിച്ചിരുന്നു. പ്രേക്ഷകന്റെ മനസ്സിലെ പാട്ടുകൾ കൃത്യമായി ബാലുവിന്റെ വയലിനിൽ നൃത്തം വെച്ചപ്പോൾ കോരിത്തരിച്ചു പോകാറുണ്ടായിരുന്നു ആസ്വാദകർ. ആദിയിലൂടെ പ്രേക്ഷകന്റെ മനസ്സു വായിക്കാറുള്ള ബാലഭാസ്കർ സ്വയം അത്ഭുതപ്പെടുമായിരുന്നു.   അതുപോലെ മറ്റുള്ളവരുടെ ചിന്തകളും ചേഷ്ടകളും നിശബ്ദം ആസ്വദിക്കുകയോ മനസ്സിലാക്കുകയോ  ചെയ്യുമ്പോഴും മുഖത്തെ പുഞ്ചിരി മായാതെ സൂക്ഷിക്കാൻ ആദിയും പ്രത്യേകം ശ്രദ്ധിക്കുന്നു.

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്-ചെമ്മട്ടംവയൽ സ്വദേശിയായ ആദി 1986-ൽ നെല്ലിക്കാട്ട് ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ ഗംഗാധര പൊതുവാൾ ഗാന്ധിയനും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായിരുന്നു. അമ്മ ലീല, വീട്ടമ്മയെങ്കിലും നല്ലൊരു കലാഹൃദയത്തിനുടമ കൂടിയാണ്.  മൂന്നു മക്കളിൽ ഇളയ മകനായ ആദി സ്കൂൾ പഠനത്തിനിടയിലും ജാല വിദ്യകൾ കാട്ടുന്ന അസാധാരണ പ്രതിഭയുള്ള കുട്ടിയായിരുന്നു. ചെറുപ്പത്തിലേ നിഗൂഢതകളോട് ഏറെ പ്രിയമുണ്ടായിരുന്നതിനാൽ കോളേജ് പഠന ശേഷം എറണാകുളത്ത്  മൾട്ടീമീഡിയ ആനിമേഷൻ കോഴ്സ്  പഠിക്കുന്നതോടൊപ്പം തന്റെ ചിന്തകളെ പരിപോഷിപ്പിക്കാൻ  മനസ്സിന്റെ വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അന്വേഷണവുമായി ലൈബ്രറികളിൽ  ഏറെ സമയം ചിലവഴിച്ചിരുന്നു. തുടർന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുടെ  കീഴിൽ നാലു വർഷത്തോളം മനഃശാസ്ത്രത്തിൽ ഉപരിപഠനം നേടി. വിദേശ രാജ്യങ്ങളിലെ കഠിനമായ ഗവേഷണ പഠനങ്ങൾ ക്രമേണ ആദിയെ തന്റെ ലക്ഷ്യത്തിലേക്കെത്തിച്ചു.  ഇന്ന് ഷോകളിലായാലും, മറ്റും  പ്രേക്ഷകർക്ക് സന്ദേശങ്ങൾ പകരുന്നത് പല  മഹാന്മാരുടേയും  ഉദ്ധരണികളിലൂടെ ആണ് എന്നതും ശ്രദ്ധേയമാണ്. മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ള പുരാണകഥകളും അച്ഛന്റേയും ചില അധ്യാപികമാരുടേയും സ്വാധീനവും തന്റെ ലക്ഷ്യപ്രാപ്തിക്കു വളമേകി എന്ന് ആദി നന്ദിപൂർവ്വം സ്മരിക്കുന്നു. 
വിദേശങ്ങളിൽ ധാരാളം പ്രദർശനങ്ങൾ നടത്തി പ്രശസ്തനായ ഈ മെൻറ്റലിസ്റ്റ്, പുതിയ ആശയങ്ങളും മൂല്യങ്ങളും ജീവിതഗന്ധിയായ സന്ദേശങ്ങളും, അനുഭവങ്ങളും കോർത്തിണക്കി നൂതനമായ വിദ്യാഭ്യാസരീതിക്കു തുടക്കം കുറിക്കാനുള്ള പദ്ധതിയിടാൻ  ആലോചിക്കുന്നു.
അവനവന് ഇഷ്ടപ്പെട്ട  വിഷയങ്ങളിൽ കൂടി പ്രാവീണ്യം നേടാനുമുള്ള വേദി ആവണം വിദ്യാലയം എന്നു പറയുന്ന ആദി അന്ധവിശ്വാസങ്ങൾക്കെതിരേയും സമൂഹത്തെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരേയും പോരാടാനും  ഇഷ്ടപ്പെടുന്നു. പഠനവും പരിശീലനവും  ഒരിക്കലും അവസാനിക്കുന്നില്ലെന്നു അംഗീകരിക്കുന്ന ആദി,  താൻ  നേടിയതിലൊന്നും അമാനുഷികതയില്ല എന്ന്  ആവർത്തിച്ചു വ്യക്തമാക്കുന്നു.  ആത്മസമർപ്പണവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ,  തീവ്രപരിശ്രമം മതി, ആർക്കും ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാം. അത്ഭുതമെന്നും അതീന്ത്രിയമെന്നും തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന മാനസിക വ്യാപാരങ്ങളെ പൊളിച്ചടുക്കി, ശാസ്ത്രത്തിനൊപ്പം നിന്ന്, വ്യാജന്മാരാൽ തകർക്കപ്പെടുന്ന സാംസ്‌കാരിക മൂല്യങ്ങളെ  സംരക്ഷിച്ച്,  സാമൂഹ്യ അനീതിക്കെതിരെ കൈകോർത്ത്, പുതു തലമുറയുടെ നന്മക്കായി പ്രവർത്തിക്കുക എന്ന സാമൂഹിക പ്രതിബദ്ധത കൂടി തന്റെ മെൻറ്റലിസമെന്ന കർമ്മപഥത്തിലൂടെ ആദി നിർവ്വഹിക്കുന്നു.  



 അതുപോലെ സിനിമ മേഖലയിലും ആദിയുടെ വിദഗ്ദ്ധാഭിപ്രായം പലരും തേടാറുള്ള കാരണം പല ഫിലിം ആർട്ടിസ്റ്റുമായും നല്ല ബന്ധം സൂക്ഷിക്കുന്നു.  പ്രശസ്ത നടന്മാരുമായി  നടത്തിയ എല്ലാ ഷോകളും യൂ ട്യൂബിൽ വൈറൽ വീഡിയോകളാണ്.  ആദിയെ തൊട്ടറിഞ്ഞവരും കണ്ടറിഞ്ഞവരും എന്നും  അത്ഭുതത്തോടെ മാത്രമേ പ്രതികരിക്കാറുള്ളൂ. മലയാളത്തിലേയും മറ്റു ഭാഷകളിലേയും  ചാനലുകളിൽ  കൂടാതെ അനേകം  വിദേശ ചാനലുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയൊരു ആരാധകവൃന്ദം അദ്ദേഹത്തിന് ചുറ്റുമുണ്ട്. ഏതു സമയത്തും എന്തിനും ഓടിയെത്തുന്ന ഉശിരുള്ള കുറച്ചധികം ഫാൻസ്‌ ഉള്ള ഈ മാന്ത്രികൻ  സേവന സന്നദ്ധനാണ്.  നിയമാനുസൃതമായി അംഗീകരിക്കപ്പെട്ട 'ആദിസം' കൂട്ടായ്മ, ചെയ്യുന്ന ജനസേവകൾ മറുകൈ അറിയാതെ വളരെ ഗൗരവമായി നടക്കുന്നു.  കുറഞ്ഞ കാലയളവിൽ തന്നെ ഈ കൂട്ടായ്മയുടെ സേവനഗുണഫലങ്ങൾ  അനേകം കുടുംബത്തിലേക്കെത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങൾക്കും ആദിയുടെ സജീവ പങ്കാളിത്തം കൂടി ഉണ്ടെന്നുള്ളതാണ് ഏറെ സന്തോഷകരം. 


ആദിയുടെ ഓരോ ഷോയും ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമാണ്. സന്ദർഭത്തിനനുസരിച്ച് അതി മനോഹരമായി, പ്രേക്ഷകനെ ഏതു ഭാവത്തിൽ, ചിന്തയിൽ നിലനിർത്തണമെന്ന കൃത്യമായറിയുന്ന കൗശലക്കാരൻ ആണ് ആദി. സദസ്സിന്റെ സ്പന്ദനം അറിഞ്ഞു കൊണ്ട്, നൈമിഷികമായെടുക്കുന്ന തീരുമാനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. മിക്ക സ്റ്റേജ് ഷോകളിലും ജനം ഒന്നടങ്കം എഴുന്നേറ്റു നിന്ന് ആദരിക്കുന്നത് പതിവ് കാഴ്ചയാണ്.  ആർത്തിരമ്പുന്ന ആൾക്കൂട്ടത്തെ കണ്ടു സംഘാടകർ പോലും സ്തബ്ധരാകാറുണ്ട് അത്യാവശ്യം ഗാനവും ചിത്രരചനയും വഴങ്ങുന്ന ഒരു കലാകാരൻ കൂടിയാണ് ആദി. ഓരോ  ഷോ കഴിയുമ്പോഴും  കാണികൾ തങ്ങളുടെ സന്തോഷം അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലും വ്യക്തിപരമായും ഫാൻസ്‌ പേജിലും അഭിപ്രായപ്പെട്ടത് കണ്ടാൽ അറിയാം പ്രദർശനങ്ങളുടെ ഗൗരവവും വ്യാപ്തിയും മേന്മയും അത്ഭുതവും. അത്രക്ക്  അവിസ്മരണീയവും അവർണനീയവുമാണ് ഓരോ പ്രകടനവും.

https://www.facebook.com/MentalistAathi/?__tn__=%2Cd%2CP-R&eid=ARB6R0enw1F5d6rt7Yoly-jA1OH4wGuKljHr4OI7p1GP2H-MXOQ7yA_k44uBsAu0ZF24J_dhtt30yqLE


സർക്കാരിന്റെ സഹായത്തോടെ കുട്ടികൾക്കായി പ്രത്യേകം വിഭാവനം ചെയ്ത 'കണക്റ്റ്' എന്ന വലിയൊരു സംരഭം, കൂടാതെ പദ്‌മശ്രീ ഭരത് മോഹൻലാലിനൊപ്പം അത്യുഗ്രൻ ഷോയുടെ പണിപ്പുരയിലാണ് ആദി ഇപ്പോൾ.  താരരാജാവിന്റെ അഭിനയപാടവവും ആദിയുടെ കൗശലവും ചേർന്നുള്ള അതിശയിപ്പിക്കുന്ന, 'നാടക-ചലച്ചിത്ര-ശബ്ദ-വെളിച്ച-ചലനത്തിന്റെ ആവിഷ്കാരചാതുരി അരങ്ങിലെത്താൻ കാതോർത്തിരിക്കയാണ് പ്രേക്ഷകർ. ഈ ദൃശ്യാവിഷ്‌കാരം ഒരു ചരിത്രമാകുമെന്നു തന്നെ ആസ്വാദകർ പ്രതീക്ഷിക്കുന്നു.  

ഖത്തർ, കാഞ്ഞങ്ങാട്, ഷാർജ തുടങ്ങിയിടത്തെ പ്രദർശനത്തിന് ശേഷം ദുബായ്  നടക്കുന്ന INSOMIA 2.0 എന്ന ഷോക്കുള്ള പണിപ്പുരയിലാണ് ആദിയുടെ പ്രിയപ്പെട്ടവർ. തുടർന്നും എട്ടോളം രാജ്യങ്ങളിൽ പ്രദർശനം നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.  ജനബാഹുല്യം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ആദി ഷോ, 2020 വർഷാരംഭം തന്നെ  ഗംഭീരമായി  മുന്നേറുന്നു. 

നേരാം നമുക്ക് എല്ലാ ഭാവുകങ്ങളും.







  
സുമ സതീഷ്, നീലേശ്വരം 
ബഹറിൻ.

QUTAR SHOW       :  24 th Jan  2020
KANHANGAD       :  26 th  Jan 2020
SHARJA SHOW     :  1 st    Feb 2020
DUBAI SHOW       :    April 2020









അഭിപ്രായങ്ങള്‍